ബംഗളൂരുവിൽ തെരുവുനായകൾക്ക് പ്രതിദിനം ചിക്കനും ചോറും: അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി
ബംഗളൂരു: ബംഗളൂരു നഗരത്തിലെ തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്കുന്ന പദ്ധതിയുമായി കോര്പ്പറേഷന്. തെരുവുനായകള്‍ അക്രമാസക്തമാകുന്നത് കുറച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ബൃഹത് ബംഗളൂരു മഹാനഗര പാലിക പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. പ്രതിദിനം തെരുവുനായകള്‍ക്ക് 'സസ്യേതര' ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. ദിവസം ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് തീരുമാനം. തുടക്കത്തില്‍ നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ഭക്ഷണം ലഭിക്കും. ബംഗളൂരു നഗരത്തില്‍ ഒന്നടങ്കം 2.8 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോ നായയുടെയും ഭക്ഷണത്തില്‍ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവ അടങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം. 22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരുവര്‍ഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചത്. നേരത്തേയും നഗരത്തിലെ തെരുവുനായകള്‍ക്ക് ബിബിഎംപി ഭക്ഷണം എത്തിച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് സസ്യേതരഭക്ഷണം പാകംചെയ്തുനല്‍കുന്നത്. തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണംനല്കാന് തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യല്‍ കമ്മിഷണര്‍ സുരാല്‍കര്‍ വ്യാസ് പറഞ്ഞു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളും മൃഗസംരക്ഷണ മാര്‍ഗരേഖയും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും പറഞ്ഞു. നഗരത്തിന്റെ എട്ടുസോണുകളില്‍ ഓരോസോണിനും 36 ലക്ഷം രൂപവീതം അനുവദിക്കും. ഓരോസോണിലും നൂറുവീതം കേന്ദ്രങ്ങളില്‍ ഭക്ഷണവിതരണം നടക്കും. ഓരോകേന്ദ്രത്തിലും 500 നായകള്‍ക്ക് ഭക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നഗരവാസികള്‍ പദ്ധതിയോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. നല്ലകാര്യമെന്ന് മൃഗസ്നേഹികള്‍ പറയുമ്പോള്‍ അനാവശ്യചെലവാണ് നടത്തുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനുപകരം അവയെ പോറ്റാന്‍ പൊതു ഫണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ നീക്കിവയ്ക്കുന്നു എന്നാണ് ആക്ഷേപം.